സുല്‍ത്താന്‍ ബത്തേരി: വാനരശല്യത്താല്‍ പൊറുതിമുട്ടി ബത്തേരി ടൗണ്‍.
സമീപത്തെ വനത്തില്‍ നിന്നെത്തുന്ന വാനരപ്പട വ്യാപാരസ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കുമാണ് ഏറെ ദുരിതമാകുന്നത്. നേരം വെളുക്കുമ്പോഴേക്കും എത്തുന്ന വാനരസംഘം ഇരുട്ട് വീണശേഷമാണ് മടങ്ങുന്നത്.
കണ്ണുതെറ്റിയാല്‍ അകത്തുകടന്ന് വസ്തുവകകള്‍ വാരിവലിച്ചിടും. ഓടിക്കാന്‍ ചെന്നാല്‍ കൈയ്യില്‍ എന്തെങ്കിലും തടഞ്ഞാല്‍ അതുമായി ഓടിമറയും. പിന്നീട് വാനരന്റെ കൈയ്യില്‍ അകപ്പെട്ട വസ്തു തിരിച്ചുകിട്ടാനുള്ള നെട്ടോട്ടമാണ്. വാനരന്മാരെ ഓടിക്കാന്‍ ആളെ കൂലിക്ക് നിര്‍ത്തേണ്ട അവസ്ഥയാണിപ്പോള്‍.
നഗരത്തില്‍ താമസിക്കുന്ന കുടുംബങ്ങളും വാനരശല്യത്താല്‍ ദുരിതത്തിലാണ്. വെള്ളടാപ്പുകള്‍ തുറന്നിടുന്നതും പൈപ്പുകളില്‍ കയറി ഇവ നശിപ്പിക്കുന്നതും നിത്യസംഭവമാണ്.
സര്‍വീസ് വയറുകളുടെ മുകളിലൂടെ തൂങ്ങിയാടുന്നത് കാരണം വൈദ്യുതിബന്ധം തടസപ്പെടുന്നതിനും കാരണമാകുന്നു. വാനരശല്യത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.